പി. എം. കിസാന്‍ സമ്മാന്‍: 30,416 പേര്‍ അനര്‍ഹര്‍; തിരിച്ചടയ്‌ക്കണം.

Spread the love

പി. എം. കിസാന്‍ സമ്മാന്‍: 30,416 പേര്‍ അനര്‍ഹര്‍; തിരിച്ചടയ്‌ക്കണം.
കൊച്ചി: കേരളത്തില്‍ പി. എം. കിസാന്‍ സമ്മാന്‍ നിധി യോജന സഹായം കൈപ്പറ്റിയവരില്‍ 30,416 പേര്‍ അനര്‍ഹരെന്നു കണ്ടെത്തല്‍. ഇതില്‍ 21,018 പേര്‍ ആദായനികുതി അടയ്‌ക്കുന്നവരാണ്‌. അര്‍ഹത ഇല്ലാത്തവരില്‍ നിന്നു തുക തിരിച്ചു പിടിച്ചു നല്‍കണമെന്ന്‌ കേന്ദ്രധന മന്ത്രാലയം സംസ്‌ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 31 കോടി രൂപ തിരിച്ചു കിട്ടേണ്ടതില്‍ 4.90 കോടി രൂപ മാത്രമാണ്‌ ഇതു വരെ കിട്ടിയിട്ടുള്ളത്‌. കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി 5,600 കോടി രൂപ ഗുണഭോക്‌താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നേരിട്ടു ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ട്‌. വര്‍ഷത്തില്‍ മൂന്നു തവണയായി ആറായിരം രൂപ വീതമാണു നല്‍കി വരുന്നത്‌. 37.2 ലക്ഷം പേരാണ്‌ കേരളത്തില്‍ പി. എം. കിസാന്‍ പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്‌. കേന്ദ്ര-സംസ്‌ഥാന ഏജന്‍സികളുടെ പരിശോധനയിലാണു അനര്‍ഹരായവരെ കണ്ടെത്തിയത്‌. തുക തിരിച്ചു പിടിച്ച്‌ അടയ്‌ക്കണമെന്ന്‌ കഴിഞ്ഞ മാസം കേന്ദ്രധന മന്ത്രാലയം കേരള സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരുന്നു. ഫീല്‍ഡ്‌ ലെവല്‍ ഓഫീസര്‍മാര്‍ ഇതിനായി നടപടി സ്വീകരിച്ചു വരികയാണെന്ന്‌ കൃഷിവകുപ്പ്‌ വൃത്തങ്ങള്‍ പറയുന്നു. പ്രാഥമിക പരിശോധനയ്‌ക്കുശേഷം സൂക്ഷ്‌മ പരിശോധനയിലേക്കു നീങ്ങിയപ്പോള്‍ അര്‍ഹരല്ലെന്നു കണ്ടെത്തിയവരില്‍നിന്നാണ്‌ തുക തിരിച്ചു പിടിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. സര്‍ക്കാരിന്റെ ലാന്‍ഡ്‌ റെക്കോഡില്‍ ഫെബ്രുവരി ഒന്നിന്‌ നിശ്‌ചിത കൃഷിഭൂമി കൈവശമുള്ളവര്‍ക്കു മാത്രമാണ്‌ ആനുകൂല്യത്തിന്‌ അര്‍ഹതയുള്ളത്‌. കിസാന്‍ നിധി പ്രകാരം അനര്‍ഹര്‍ക്കു ലഭിച്ച തുക തിരിച്ചടയ്‌ക്കാന്‍ നോട്ടീസ്‌ നല്‍കി വരികയാണ്‌. കേന്ദ്ര കൃഷിമന്ത്രാലയം, സംസ്‌ഥാന കൃഷി വകുപ്പ്‌ മുഖേനയാണു നോട്ടീസ്‌ നല്‍കുന്നത്‌. മാര്‍ഗ്ഗരേഖയുടെ അടിസ്‌ഥാനത്തില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിപരീതമായി തുക കൈപ്പറ്റിയവരോടാണു തിരിച്ചടയ്‌ക്കാനുള്ള നിര്‍ദ്ദേശം. സ്വന്തം പേരില്‍ സ്‌ഥലമില്ലെന്നതും ആദായ നികുതി അടയ്‌ക്കുന്നതും ചൂണ്ടിക്കാട്ടിയാണു നോട്ടീസ്‌. അനര്‍ഹര്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ ഭാവിയില്‍ മറ്റ് ആനുകൂല്യങ്ങളില്‍നിന്ന്‌ ഒഴിവാക്കുമെന്നും നിയമ നടപടികളിലേക്കു നീങ്ങുമെന്നുമാണ്‌ നോട്ടീസില്‍ പറയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *