പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോർജിന് ജാമ്യം
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു.
എആര്‍ ക്യാംപില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്. പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നത്. മതസ്പര്‍ധ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറഞ്ഞിരുന്നു.