ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ.
തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. കേരള- തമിഴ്നാട് അതിർത്തിയിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാഗം ജംഗ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ.
ഇയാൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ അറിയിച്ചു. കേരള- തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. തിരച്ചിലിനൊടുവിലാണ് പിടിയിലായത്.
കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൂവലുകൾ പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ ഇതൊന്നും ഇയാളിൽ മനസലിവുണ്ടാക്കുന്നില്ല. തുടർന്ന് ചിറകുകളും കാലുകളും അറുത്ത ശേഷം ചിരിച്ചുകൊണ്ട് മുതുകത്ത് വെട്ടുകയും ചെയ്ത ശേഷവും ഉയർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. തുടർന്ന് മടക്കിയൊടിച്ച് രണ്ടാക്കി വലിച്ചുകീറുകയും കുടലും പിണ്ഡവും മറ്റും വലിച്ചു പുറത്തിടുന്നതും വീഡിയോയിൽ കാണാം.