പ്രതിശ്രുത വധൂവരന്മാർക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ.
കോഴിക്കോട് : പ്രതിശ്രുത വധൂവരന്മാർക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. നെല്ലിക്കോടത്തിൽ മീത്തൽ രാധാകൃഷ്ണൻ (47), കൈതയിൽവീട്ടിൽ രാജു (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കാക്കൂരിൽ പൊക്കുന്നു മലയിൽ സായാഹ്ന ദൃശ്യങ്ങൾ ആസ്വദിക്കാൻ കുടുംബസമേതം എത്തിയവർക്ക് നേരെയായിരുന്നു ഇവരുടെ ആക്രമണം.
കുടുംബസമേതം പൊക്കുന്നുമലയിൽ എത്തിയ പ്രതിശ്രുത വധൂവരന്മാർ അൽപം മാറി നടന്നപ്പോളാണ് പരിസരവാസികളായ രണ്ട് പേർ വന്ന് ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്തത്. യുവതീയുവാക്കളെ മുൻവിധിയോട് കൂടി തടഞ്ഞ് വെച്ചെന്നും അത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്നും യുവതിയെ കടന്ന് പിടിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.