ലോക മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു

Spread the love

കോട്ടയം:

ലോകമെമ്പാടുമുള്ള മലയാളികൾ വിഷു ആഘോഷിക്കുന്നു.വിഷു കണി കണ്ടും കൈനീട്ടം കൊടുത്തും ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും പുലരിയിലേക്കാണ് മലയാളി കണ്‍കണ്ടുണരുന്നത്.വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കേണ്ട നന്മകളുടെ പ്രതീക്ഷകളുമായാണ് വിഷുപ്പുലരിയിലേക്ക് ഓരോ മലയാളിയും കണ്ണ് തുറന്നത്.

മലയാളക്കരയുടെ കാര്‍ഷികോത്സവമാണ് തുല്യമായത് എന്ന അര്‍ഥം വരുന്ന വിഷു.

രാത്രിയും പകലും തുല്യമായ ദിവസം. സമൃദ്ധിയുടെ സ്മരണകളും പ്രതീക്ഷകളുമായി വിഷു ആഘോഷത്തിലാണ് മലയാളി ഇന്ന്.

അടുത്ത ഒരു കൊല്ലത്തെ കുറിച്ചാണ് വിഷുവിലൂടെ മലയാളി ചിന്തിക്കുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് വിശ്വാസം.

വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി എന്നിവ വിഷുവിനോട് ബന്ധപ്പെട്ടവയാണ്. തേച്ചുമിനുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും പാതി നിറച്ച്‌, അലക്കിയ മുണ്ടും പൊന്നും വാല്‍കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടക്കയും വെറ്റിലയും കണ്‍മഷിയും ചാന്തും സിന്ദൂരവും നാരങ്ങയും കത്തിച്ച നിലവിളക്കും തേങ്ങാമുറിയും ശ്രീകൃഷ്ണവിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പിറകില്‍നിന്ന് കണ്ണുകള്‍ പൊത്തി കൊണ്ടുവന്നാണ് കണികാണിക്കുന്നത്. പിന്നീട് കൈനീട്ടം നല്‍കല്‍.

സാധാരണനിലയില്‍ മേടം ഒന്നിനു വിഷു എന്നതാണു പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍ ഇക്കൊല്ലം മേടം രണ്ടിനാണു വിഷു വരുന്നത്. എന്തുകൊണ്ടെന്നാല്‍ മേടം ഒന്നിനു സൂര്യോദയത്തിനു ശേഷമാണു സൂര്യസംക്രമം വരുന്നതെങ്കില്‍ പിറ്റേന്നു വിഷു എന്നതാണു രീതി. ഇത്തവണ മേടം ഒന്നിനു രാവിലെ 8.41നാണു സൂര്യസംക്രമം. അതുകൊണ്ടാണ് മേടം രണ്ടിന് (ഏപ്രില്‍ 15 വെള്ളി) വിഷു ആയത്.ഇത്തവണ ദുഃഖവെള്ളിയാഴ്ച ദിവസമാണു വിഷു.അതായത് ഈസ്റ്ററിനു രണ്ടു ദിവസം മുന്‍പ്.

ഓണം കഴിഞ്ഞാല്‍ കേരളീയരുടെ പ്രധാന ആഘോഷമാണ് വിഷു. ഒരു രാശിയില്‍നിന്നും അടുത്ത രാശിയിലേക്ക് സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. വിഷുവിനെ സംബന്ധിച്ച്‌ രണ്ട് ഐതീഹ്യങ്ങളാണുള്ളത്.

അഹങ്കാരിയും അത്യന്തം ശക്തനുമായ നരകാസുരന്റെ ഉപദ്രവം സഹിക്കവയ്യാതെ ശ്രീകൃഷ്ണനും ഗരുഡനും സത്യഭാമയുമൊത്ത് നരകാസുരന്റെ നഗരമായ പ്രാഗ് ജോതിഷത്തിലേക്ക് പ്രവേശിച്ചു. ശ്രീകൃഷ്ണനും സത്യഭാമയും ഗരുഡനും അസുരന്മാരോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ നരകാസുരന്‍, മുരന്‍, താമ്രന്‍, അന്തരീക്ഷന്‍, ശ്രവണന്‍, വസു വിഭാസു, നഭസ്വാന്‍, അരുണന്‍ ആദിയായ അസുര പ്രമുഖരെയെല്ലാം അവര്‍ നിഗ്രഹിച്ചു. ശ്രീകൃഷ്ണന്‍ അസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്നാണ് പ്രധാന ഐതീഹ്യം.

രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരെ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിന്റെ പ്രവേശിച്ചതിനാല്‍ രാവണന് ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് മറ്റൊരു ഐതീഹ്യം.

Leave a Reply

Your email address will not be published. Required fields are marked *