ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
കോട്ടയം:
ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു
12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ ക്രിസ്തു കഴുകിയതിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും ഓര്‍മ പുതുക്കല്‍ കൂടിയാണ് പെസഹ.പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും. ക്രൈസ്തവരെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ട ഒരു ദിവസമാണിതെന്ന് പറയാം. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ വര്‍ധിക്കുമെന്നും പറയുന്നു.
യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം.
വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം. പെസഹാ വ്യാഴത്തിലെ അവസാന അത്താഴ കുര്‍ബ്ബാനയോടെ ഈസ്റ്റര്‍ ത്രിദിനത്തിന് തുടക്കമാകുന്നു. ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയര്‍ത്തെഴുന്നേല്പും സ്മരിക്കുന്നു.
അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവ ഇന്റി അപ്പം മാര്‍ തോമാ നസ്രാണികള്‍ ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി എല്ലാവര്‍ക്കുമായി നല്‍കുന്നു.