പാലക്കാട് മൂന്നു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകാനെന്ന് പൊലീസ്.
പാലക്കാട്: മൂന്നു വയസുകാരനെ അമ്മ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് കാമുകനൊപ്പം പോകാനെന്ന് പൊലീസ്. പാലക്കാട് എലപ്പുള്ളി ചുട്ടിപ്പാറയിലാണ് സംഭവം നടന്നത്. എലപ്പുള്ളു മണിയേരി സ്വദേശി ഷമീറിന്‍റെയും ആസിയയുടെയും മകൻ മുഹമ്മദ് ഷാനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മ ആസിയ അറസ്റ്റിലായിട്ടുണ്ട്. കുട്ടി ഉണ്ടെന്ന് കാമുകൻ അറിയാതിരിക്കാനായിരുന്നു കൊലപാതകം.
അതേസമയം കുട്ടിയുടെ അമ്മ ഒറ്റക്കല്ല കൊലപാതകം നടത്തിയതെന്നും ആസിയയുടെ സഹദോരിക്കും ഭർത്താവിനും കൊലപാതകത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് കുട്ടിയുടെ മുത്തഛൻ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഈ ആരോപണം ഇവർ നിഷേധിച്ചു. കേസിൽ സമഗ്രമായ അന്വേഷണം വേണെന്ന് മുത്തഛൻ ഇബ്രാഹിം പറഞ്ഞു.
ഇന്നലെ രാവിലെയാണ് കുട്ടിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അവശ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി ആഹാരം തൊണ്ടയിൽ കുടുങ്ങി മരിച്ചെന്നായിരുന്നു അമ്മ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് അമ്മയിലേക്ക് അന്വേഷണം നീണ്ടത്. ആസിയയും ഷമീറും ഒരു വർഷമായി അകന്നാണ് കഴിയുന്നത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആസിയ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. രാവിലെ കുഞ്ഞിന് ഭക്ഷണം കഴിക്കാൻ നൽകിയെന്നും പിന്നെ കിടന്നുറങ്ങിയ കുട്ടി എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം ബന്ധുക്കളോട് പറഞ്ഞിരുന്നത്. ഈന്തപ്പഴം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്നും ആസിയ പറഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിൽ പാട് വരാതിരിക്കാൻ മൃദുവായ എന്തോ വസ്‌തു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്സം ശയിക്കുന്നുണ്ട്.