പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്ത്. പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ലോക കിരീടം നേടി കൊടുത്ത ഇമ്രാൻ ഖാൻ എന്ന ഇതിഹാസ നായകനാണ് നാടകീയ രംഗങ്ങൾക്ക് ഒടുവിൽ അധികാരത്തിൽ ക്ലീൻ ബൗൾഡ് ആയി പുറത്തായിരിക്കുന്നത്. ഭരണകക്ഷി അംഗങ്ങൾ വിട്ടുനിന്ന വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു.
ഇമ്രാൻ ഖാൻ ഇപ്പോൾ വീട്ടു തടങ്കലിൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഒപ്പം ഇമ്രാൻ ഖാൻ അടക്കമുള്ളവരെ രാജ്യം വിടാൻ അനുവദിക്കരുതെന്നുള്ള ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. വോട്ടെടുപ്പിനു തൊട്ടുമുൻപ് നാഷനൽ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടർന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. പുതിയ പാക് പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ തെരഞ്ഞെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വന്നിട്ടുള്ളത്.