കോവാക്സിന്റെയും കോവീഷിൽഡിന്റെയും വില കുറച്ച് കമ്പനികൾ
ന്യൂഡൽഹി: 18 വയസ്സ് പിന്നിട്ട് എല്ലാ ഇന്ത്യൻ പൗരൻമാർക്കും കൊവിഡ് ബൂസ്റ്റർ ഷോട്ടുകൾ നൽകാനുള്ള കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ വാക്സീനുകളുടെ വില കുത്തനെ കുറച്ച് ഭാരത് ബയോടെക്കും പൂണെ സെറം ഇൻസ്റ്റിറ്റ്യൂട്ടും. സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന കൊവിഡ് വാക്സീൻ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വാക്സീൻ്റെ വില കുറയ്ക്കാനുള്ള ഇരുകമ്പനികളുടേയും തീരുമാനം.
ഇനിമുതൽ ഇരു കമ്പനികളും സ്വകാര്യ ആശുപത്രികൾക്ക് 225 രൂപ നിരക്കിലാവും വാക്സീൻ നൽകുക. നേരത്തെ കൊവീഷിൽഡ് 600 രൂപയ്ക്കും കൊവാക്സീൻ 1200 രൂപയ്ക്കുമാണ് സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്തിരുന്നത്. വാക്സീൻ്റെ വിലയും ആശുപത്രികളുടെ സർവ്വീസ് ചാർജും നികുതിയും കഴിച്ച് അഞ്ഞൂറ് രൂപയ്ക്ക് താഴെ നിരക്കിൽ ഇനി വാക്സീൻ വിതരണം സാധ്യമായേക്കും വിപുലമായ രീതിയിൽ സ്വകാര്യ ആശുപത്രികൾ വാക്സീനേഷൻ തുടങ്ങുന്നതും വാക്സീനേഷൻ നിരക്ക് കുറയ്ക്കാൻ സഹായിക്കും.