മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ
മൂവാറ്റുപുഴയിൽ ബാങ്ക് ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
അജേഷിന്റെ വീടിന്റെ ആധാരം ബാങ്കില്‍ നിന്ന് വീണ്ടെടുക്കും. അജേഷിന്റെ ചികിത്സാ ചെലവും ഏറ്റെടുക്കും. വിഷയം കെപിസിസിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും മാത്യു കുഴല്നാടന് വ്യക്തമാക്കി.
മൂവാറ്റുപുഴ പായിപ്ര പയത്തില്‍ വലിയപറമ്പില്‍ അജേഷിന്റെ വീടാണ് അര്‍ബന്‍ ബാങ്ക് ജപ്തി ചെയ്തത്. ജപ്തി സമയം അജേഷും ഭാര്യയും വീട്ടില്‍ ഇല്ലായിരുന്നു. മക്കളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വീട്ടില്‍ നിന്നും പുറത്താക്കി ബാങ്ക് ജപ്തി ചെയ്തത്.
ഹൃദ്രോഗിയായ അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയാണ് അജേഷിന് കൂട്ടിരിക്കുന്നത്. ജപ്തി നടപടിയുമായി ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോള്‍ നാല് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ജപ്തി നടപടിക്ക് സാവകാശം അഭ്യര്‍ഥിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല. ഇവര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങി.
എന്നാല്‍ വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തിൽ പ്രാദേശിക നേതാക്കള്‍ എത്തി പ്രതിഷേധിക്കുകയായിരുന്നു.