ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,51,209 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,51,209 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 627 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് ചികിത്സയിൽ കഴിഞ്ഞ 3,47,443 പേർക്ക് രോഗമുക്തിയുണ്ടായി.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് കേസുകളിൽ 35,000ത്തിലധികം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ശതമാനമാണ്.
രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.88% ആണ്. നിലവിൽ രോഗമുക്തി നിരക്ക് 93.60 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 21,05,611 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ വൻകിട നഗരങ്ങളിൽ കൊവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് കേസുകളിൽ ആശങ്ക നിലനിൽക്കുന്നതിനിടെ രാജ്യത്തെ ആകെ വാക്സിനേഷൻ 1,64,44,73,216 ആയി ഉയർന്നു.